കറുത്തവാവ്: അധ്യായം 17: വിളി
പുറത്ത് ആകാശം പൊട്ടിയൊലിക്കുകയായിരുന്നു. അവർ നിലവറയിലായിരുന്ന ആ കുറച്ചു നേരംകൊണ്ട്, കർക്കടകത്തിന്റെ മുഴുവൻ കലിയും ഒന്നിച്ചിറങ്ങിയതുപോലെ. കറുത്തവാവിന്റെ രാത്രി; ഒരു നക്ഷത്രമില്ല, ചന്ദ്രന്റെ ഒരു കീറില്ല. മിന്നൽ വെട്ടുമ്പോൾ മാത്രം മുറ്റവും തുളസിത്തറയും തൊടിയിലെ വാഴകളും ഒരു നിമിഷത്തേക്കു വെളുത്തു തെളിഞ്ഞു മാഞ്ഞു.
അപ്പു പൂമുഖത്തിന്റെ പടിയിൽ ഇരിക്കുന്നുണ്ടായിരുന്നു; ചുണ്ടു പൊട്ടി
ചോരയൊലിപ്പിച്ച്. "അച്ഛൻ…" അവൻ വിക്കി. "ഞാൻ പുറത്തേക്കു പിടിച്ചുകൊണ്ടുവന്നതാ.
പെട്ടെന്ന് എന്നെ തള്ളിയിട്ടു. അച്ഛൻ എന്നെ ജീവിതത്തിൽ തല്ലിയിട്ടില്ല, ചേച്ചീ. പിന്നെ
തൊഴുത്തിനടുത്തെ പുരയിൽനിന്നു വേലായുധേട്ടനും കുഞ്ഞനും ഇറങ്ങിവന്നു; ഉറക്കത്തിൽ നടക്കുന്നതുപോലെ.
മൂന്നാളും തൊടിയിലേക്കു പോയി. ആ പാട്ടും മൂളിക്കൊണ്ട്."
"ഇവനെ ജീപ്പിൽ കയറ്റ്." നിള ആദിയെ അപ്പുവിന്റെ തോളിലേക്കു
ചാരി. "താക്കോൽ ഡാഷ്ബോർഡിലുണ്ട്. പുഴ കടക്ക്. പണിക്കരുടെ ബസ്സു വരുന്ന വഴിക്ക്
അയാളെ കണ്ടാൽ കൂട്ടിക്കോ. തിരിഞ്ഞുനോക്കരുത്."
"ഞാൻ നിന്നെ വിട്ടു പോവില്ല." ആദി അവളുടെ കൈത്തണ്ടയിൽ
മുറുക്കിപ്പിടിച്ചു. നെറ്റിയിലെ ചോര മഴവെള്ളത്തിൽ കലർന്നു കണ്ണിലേക്കൊഴുകുന്നുണ്ടായിരുന്നു;
അവൻ അതു തുടച്ചുപോലുമില്ല. "ഒരു തവണ ഞാൻ നിന്നെ ഒറ്റയ്ക്കു വിട്ടു. കൊച്ചിയിൽനിന്ന്.
എന്റെ ഷെഡ്യൂളിനു വേണ്ടി. ഇനി പറ്റില്ല."
"നിനക്ക് അവിടെ ഒന്നും ചെയ്യാനില്ല, ആദീ. നീ താഴെ കണ്ടില്ലേ?
ഇതു ക്യാമറകൊണ്ടോ കൈക്കരുത്തുകൊണ്ടോ തീരുന്ന കാര്യമല്ല." അവൾ അവന്റെ വിരലുകൾ,
ഓരോന്നായി, മെല്ലെ വിടുവിച്ചു; ഒരു നിമിഷം ആ കൈ തന്റെ രണ്ടു കൈയിലും പിടിച്ചു.
"നീ എനിക്കു വേണ്ടി ജീവനോടെ ഇരിക്കണം. അതാ നിനക്കു ചെയ്യാനുള്ളത്. എനിക്കൊരാളോടു
മാപ്പു പറയാനുണ്ട്. മുപ്പത്തൊന്നു കൊല്ലത്തെ കടം. അതു ഞാൻ ഒറ്റയ്ക്കു ചെയ്യണം."
അവൾ തിരിഞ്ഞു മഴയിലേക്കോടി. പൊട്ടിയ വാരിയെല്ല് ഓരോ ചുവടിലും നെഞ്ചിൽ
കത്തി കുത്തി. കൈയിൽ ആൾരൂപം; അരയിൽ, ഓടുന്നതിനിടയിൽ ചുറ്റിക്കെട്ടിയ ഉറുമി.
തൊടിയുടെ നടുവിൽ, കാവിലേക്കുള്ള ഒറ്റയടിപ്പാതയ്ക്കു കുറുകെ, മൂന്നുപേർ
നിന്നു.
ഉണ്ണിമാമ; കൈയിൽ, നെല്ലു കുത്തുന്ന ഇരുമ്പുകെട്ടിയ ഉലക്ക. മുപ്പതു
കൊല്ലമായി തറവാട്ടിലെ പണിക്കാരനായ വേലായുധൻ; കൈയിൽ തൂമ്പ. അയാളുടെ മകൻ കുഞ്ഞൻ; കൈയിൽ
അരിവാൾ. മിന്നലിൽ അവൾ അവരുടെ മുഖം കണ്ടു. മൂന്നു ജോടി തുറന്ന, ഒഴിഞ്ഞ കണ്ണുകൾ; മഴ നേരെ
അതിലേക്കു വീഴുന്നുണ്ട്, ഒരാളും ഇമ ചിമ്മുന്നില്ല. മൂന്നു ചുണ്ടിലും, ഒരേ താളത്തിൽ,
ഒരേ ഈണം. വാവാവോ… വാവുറങ്ങ്…
പാവകൾ. ചരടു പിന്നിൽ, പൂമുഖത്ത്, കൈയിൽ ഒരു വിളക്കുമായി മെല്ലെ
നടന്നിറങ്ങിവരുന്നവളുടെ വിരലിൽ.
ഇവരെ എനിക്കു മുറിക്കാൻ പറ്റില്ല, നിള വിചാരിച്ചു. ഇവർ
എന്റെ ആളുകളാണ്. ഇവർക്ക് ഒന്നുമറിയില്ല. നാളെ രാവിലെ ഇവർ ഉണരണം. അവൾ ഉറുമിയുടെ
കൊളുത്തിൽനിന്നു കൈയെടുത്തു. ആൾരൂപം അരക്കെട്ടിൽ തിരുകി. വെറുംകൈ.
തൂമ്പ ആദ്യം വന്നു; മണ്ണു കിളയ്ക്കുന്ന അതേ വീശലിൽ, അവളുടെ തലയ്ക്കു
നേരെ. അവൾ അതിനടിയിലൂടെ വഴുതി അകത്തു കയറി, വേലായുധന്റെ ഉയർന്ന കൈയുടെ കക്ഷത്തിനു താഴെ,
വാരിയെല്ലുകൾക്കിടയിലെ ആ കുഴിയിൽ, രണ്ടു വിരൽ മടക്കി കുത്തിയിറക്കി. പതിമൂന്നാം വയസ്സിൽ
ഗുരുക്കൾ കണ്ണു കെട്ടി പഠിപ്പിച്ച നൂറ്റെട്ടു മർമങ്ങളിൽ ഒന്ന്; കൊല്ലാനുള്ളതല്ല,
കുട്ടീ, ഉറക്കാനുള്ളത്. അയാൾ ഒരു ചാക്കു പോലെ കുഴഞ്ഞു ചെളിയിൽ വീണു; നെഞ്ച് ഉയർന്നു
താഴുന്നുണ്ട്. അതേ നിമിഷം അരിവാൾ അവളുടെ ഇടത്തേ തോളിൽ ആഴത്തിൽ ചാലു കീറി. അവൾ വേദന
വിഴുങ്ങി, കുഞ്ഞന്റെ അരിവാൾക്കൈ പിടിച്ചു തിരിച്ചു, അവന്റെ ഭാരം അവനെതിരെത്തന്നെ ഉപയോഗിച്ചു
മറിച്ചിട്ടു; വീഴുന്ന വഴിക്ക്, ചെവിക്കു പിന്നിലെ എല്ലിനു താഴെ, ഉള്ളംകൈയുടെ വക്കുകൊണ്ട്
ഒന്ന്. രണ്ടാമനും ഉറങ്ങി.
ഉലക്ക അവൾ കണ്ടില്ല. അതു വശത്തുനിന്നു വന്ന്, പൊട്ടിയ വാരിയെല്ലിനു
മേൽത്തന്നെ, കൊണ്ടു. ലോകം ഒരു നിമിഷം വെളുത്തു. അവൾ ചെളിയിൽ മുട്ടുകുത്തി; വായിൽ ചോരയുടെ
ഇരുമ്പുരുചി നിറഞ്ഞു.
തലയുയർത്തിയപ്പോൾ, അവളെ ആറാം വയസ്സിൽ പിന്നിൽനിന്നു താങ്ങിപ്പിടിച്ചു
സൈക്കിൾ ചവിട്ടാൻ പഠിപ്പിച്ച മനുഷ്യൻ, ഉലക്ക രണ്ടു കൈകൊണ്ടും തലയ്ക്കു മുകളിൽ ഉയർത്തി
നിൽക്കുന്നു. ആ ഒഴിഞ്ഞ കണ്ണുകളുടെ കോണിൽനിന്ന്, മഴയല്ലാത്ത ഒരു നനവ്, ഒലിച്ചിറങ്ങുന്നുണ്ടായിരുന്നു.
ഉള്ളിലെവിടെയോ, ഒരു മൂലയിൽ, അയാൾ എല്ലാം കാണുന്നുണ്ട്.
"ക്ഷമിക്കണം, മാമേ."
അവൾ താഴെനിന്ന്, ഒരു സ്പ്രിങ് പോലെ, കുതിച്ചുയർന്നു. തലകൊണ്ട് അയാളുടെ
താടിയിൽ; അതേ നിമിഷം, നീട്ടിയ രണ്ടു വിരൽ കഴുത്തിന്റെ വശത്തെ ഞരമ്പിൽ, കൃത്യം ഒരു ശ്വാസത്തിന്റെ
നേരം. ഉലക്ക പിന്നിലേക്കു വീണു. ഉണ്ണിമാമ അവളുടെ കൈകളിലേക്കു കുഴഞ്ഞു. അവൾ അയാളെ, തല
ഒരു വാഴത്തടയിൽ താങ്ങി, മുഖം മഴ കൊള്ളാത്ത വിധം ചെരിച്ച്, മെല്ലെ കിടത്തി.
പിന്നെ നിഴലുകൾ വന്നു.
തൊടിയിലെ വെള്ളക്കെട്ടുകളിൽനിന്ന് അവ എഴുന്നേറ്റു; കുളത്തിന്റെ
ഭാഗത്തുനിന്ന്, കിണറ്റിൽനിന്ന്, ഓവുചാലിൽനിന്ന്. മുഖമില്ലാത്ത, മനുഷ്യരൂപമുള്ള, മുല്ലപ്പൂവും
ചെളിയും മണക്കുന്ന തണുത്ത രൂപങ്ങൾ; അന്നു രാത്രി ആദിയുടെ മുഖമിട്ടു വന്നതിന്റെ കൂടപ്പിറപ്പുകൾ.
ഒന്ന്. നാല്. പത്ത്. മിന്നലിൽ എണ്ണാൻ പറ്റാത്തത്ര. അവയുടെ നഖങ്ങൾ അവളുടെ പുറത്ത്, തുടയിൽ,
കവിളിൽ, ഐസുകത്തി പോലെ ചാലു കീറി. ഇന്നലെ വരെ ഇവയ്ക്ക് അവളെ തൊടാൻ കഴിയുമായിരുന്നില്ല;
തൊട്ടാൽ വേവുമായിരുന്നു. ഇന്ന് അവൾ ആരുടേതുമല്ല. കാവലില്ലാത്ത ഒരു മുതൽ.
അവൾ ഉറുമി അഴിച്ചു വീശി. ഉരുക്ക് അവയിലൂടെ, പുകയിലൂടെ എന്നപോലെ,
കടന്നുപോയി; മുറിഞ്ഞ നിഴൽ വീണ്ടും കൂടിച്ചേർന്നു. കളരിയിൽ പഠിച്ചതൊന്നും ഇവിടെ ചെലവാകില്ല.
നിള ഓടി. വീണു. എഴുന്നേറ്റു. വീണ്ടും വീണു. അവസാനത്തെ ഇരുപതടി കൈമുട്ടിൽ
ഇഴഞ്ഞു. പാലമരത്തിന്റെ വേരിൽ പിടിച്ചു വലിഞ്ഞ്, കാവിന്റെ അതിരു കടന്നു.
നിഴലുകൾ അതിരിൽ നിന്നു. ശീലംകൊണ്ട്; മുന്നൂറു കൊല്ലത്തെ ശീലം.
കാവു നിശ്ശബ്ദമായിരുന്നു.
ആ നിശ്ശബ്ദതയാണ്, ഉലക്കയെക്കാളും നഖങ്ങളെക്കാളും, അവളെ തകർത്തത്.
കാറ്റില്ല. കരച്ചിലില്ല. ചിലമ്പിന്റെ ഒച്ചയില്ല. പിൻകഴുത്തിൽ ആ ചൂടില്ല. പത്തു ദിവസം
അവൾ വെറുത്ത, പേടിച്ച, ഓടിയൊളിക്കാൻ നോക്കിയ ആ സാന്നിധ്യം ഇവിടെയില്ല. ആദ്യമായി ഈ കാവ്,
ലോകത്തെ മറ്റേതു കാടും പോലെ, ഒഴിഞ്ഞുകിടന്നു. മഴ, ഒരു തടസ്സവുമില്ലാതെ, കൽത്തറയിൽ വീണു
ചിതറി. വാൾ നനഞ്ഞു നിന്നു. അതിനു മുന്നിൽ, ഉരുളൻകല്ലിനടിയിൽ, കുതിർന്ന ഒരു കഷണം ചുവന്ന
പട്ട്. ഒറ്റ രൂപയുടെ ഒരു നാണയം. മുപ്പത്തൊന്നു കൊല്ലത്തെ കാവലിന് അവൾ കൊടുത്ത വില.
വിറയ്ക്കുന്ന കൈകൊണ്ട് അവൾ ആൾരൂപം അരക്കെട്ടിൽനിന്നെടുത്ത്, വാളിന്റെ
ചുവട്ടിലെ ആ കുഴിയിൽ തിരികെ വച്ചു. മണ്ണിട്ടു മൂടി. ഒന്നും സംഭവിച്ചില്ല. നാണയവും പട്ടും
എടുത്തു മാറ്റി കാവിനു പുറത്തേക്കെറിഞ്ഞു. ഒന്നും സംഭവിച്ചില്ല. കൽവിളക്കിലെ തിരികൾ
കുതിർന്ന നൂലുകളായിരുന്നു. കീശയിലെ തീപ്പെട്ടി ഒരു പിടി നനഞ്ഞ കടലാസ്.
"കണ്ടോ?"
ചിരുതേയി പാലമരത്തിന്റെ ചുവട്ടിൽ നിൽക്കുന്നുണ്ടായിരുന്നു; ഒരു
കൈയിൽ നീലനാളമുള്ള ഒരു ചെരാത്, മഴയിൽ കെടാതെ. പാതി കരിഞ്ഞ മുടി. അതിരിനു തൊട്ടുപുറത്ത്.
ഒരു നിമിഷം അവൾ മടിച്ചു; വലതുകാൽ വായുവിൽ നിന്നു. മുന്നൂറു കൊല്ലം ഈ വര അവൾക്കു തീയായിരുന്നു.
പിന്നെ അവൾ കാൽ വച്ചു. അതിരിനുള്ളിൽ. കരിയിലയിൽ.
ഒന്നും സംഭവിച്ചില്ല.
അവളുടെ ചിരി, ആദ്യം അവിശ്വാസത്തോടെ, പിന്നെ ഉന്മാദത്തോടെ, കാവു
മുഴുവൻ മുഴങ്ങി. അവൾ രണ്ടാമത്തെ ചുവടു വച്ചു. മൂന്നാമത്തേത്. നിഴലുകൾ, അനുവാദം കിട്ടിയ
നായ്ക്കളെപ്പോലെ, പിന്നാലെ ഒഴുകിക്കയറി കൽത്തറയെ വളഞ്ഞു.
"ഞാൻ പറഞ്ഞില്ലേ. ദൈവങ്ങൾ കണക്കുനോക്കുന്നവരാണ്, മോളേ; അവരെക്കാൾ
നന്നായി കണക്കറിയുന്നവരില്ല. നീ പണം കൊടുത്തു. മുതൽ തിരിച്ചു വാങ്ങി. സാക്ഷികളുടെ മുന്നിൽ,
മുഹൂർത്തത്തിൽ, മൂന്നു വട്ടം ചൊല്ലി ഉറപ്പിച്ചു. കച്ചവടം തീർന്നു. ആ പിച്ചളക്കഷണം തിരിച്ചു
കുഴിച്ചിട്ടതുകൊണ്ട് ഒന്നും ആവില്ല; കൊടുത്ത വാക്കു മണ്ണിട്ടു മൂടാൻ പറ്റുമോ? ഇനി അവൾക്കു
നിന്റെ കാര്യത്തിൽ ഇടപെടാൻ ഒരവകാശവുമില്ല. അവൾക്കുതന്നെ അതു മാറ്റാൻ പറ്റില്ല. നിയമം
നിയമമാണ്. ഞാൻ മുന്നൂറു കൊല്ലം ജീവിച്ചത് ആ നിയമത്തിന്റെ പഴുതുകളിലാ."
നിള അവളെ നോക്കിയില്ല. വാളിനു മുന്നിൽ, ചെളിയിൽ, മുട്ടുകുത്തി.
മുപ്പത്തൊന്നു കൊല്ലത്തിനിടയിൽ അവൾ ആരുടെ മുന്നിലും മുട്ടുകുത്തിയിട്ടില്ല;
ഗുരുവിന്റെ കാൽ തൊട്ടതൊഴിച്ചാൽ. ഒരു ദൈവത്തോടും ഒന്നും ചോദിച്ചിട്ടില്ല. ബോർഡിങ്ങിലെ
ചാപ്പലിൽ മറ്റു കുട്ടികൾ കണ്ണടച്ചിരുന്നപ്പോൾ അവൾ മച്ചിലെ ചിലന്തിവല എണ്ണുകയായിരുന്നു.
എങ്ങനെയാണു വിളിക്കേണ്ടതെന്നുപോലും അവൾക്കറിയില്ല. ഒരു മന്ത്രമറിയില്ല. ഒരു സ്തോത്രത്തിന്റെ
ഒരു വരി അറിയില്ല. ഈ ദേവിയുടെ ശരിയായ പേരു പോലും ആരും അവളെ പഠിപ്പിച്ചിട്ടില്ല.
അറിയാവുന്നതു സത്യം മാത്രമാണ്. അതു മാത്രമേ കൈയിലുള്ളൂ.
"എനിക്കു പേടിയാവുന്നു."
ജീവിതത്തിലാദ്യമായി നിള ആ വാക്കു തന്നെപ്പറ്റി പറഞ്ഞു. അതു പറഞ്ഞപ്പോൾ,
മുപ്പത്തൊന്നു കൊല്ലം മുറുക്കിപ്പിടിച്ച എന്തോ ഒന്ന്, നെഞ്ചിനുള്ളിൽ, പൊട്ടി. സ്വരം
ഇടറി; ഒരു കുട്ടിയുടേതായി.
"എനിക്കു പേടിയാവുന്നു, അമ്മേ. എനിക്കെന്നും പേടിയായിരുന്നു.
അതാ ഞാൻ ഏഴാം നിലയിൽനിന്നു ചാടുന്നത്; പേടിയില്ലെന്ന് എന്നെത്തന്നെ വിശ്വസിപ്പിക്കാൻ.
ഞാൻ നിന്നെ പേടിച്ചു. നീ എന്നെ പിടിച്ചപ്പൊ പേടിച്ചു. കാവലിരുന്നപ്പൊ പേടിച്ചു. എന്റെ
മുറിവിൽ തൊട്ടപ്പൊ ബോധം കെട്ടു. നീ കരഞ്ഞപ്പൊപ്പോലും എനിക്കു മനസ്സിലായില്ല. നിന്നെ
എനിക്കു കാണാൻ പറ്റാത്തതുകൊണ്ട്, നീ എന്താണെന്നു ഞാൻ എന്റെ പേടികൊണ്ടു വരച്ചു. താരാട്ടു
പാടിയവളെ ഞാൻ അമ്മയെന്നു വിചാരിച്ചു. എനിക്കു വേണ്ടി നഖം കരിയുവോളം ജനൽ മാന്തിയവളെ
പിശാചെന്നും."
പിന്നിൽ ചിരുതേയി ക്ഷമയോടെ കാത്തുനിന്നു; പൂച്ച എലിയുടെ അവസാനത്തെ
പിടച്ചിൽ നോക്കിനിൽക്കുന്നതുപോലെ.
നിള ഇടത്തേ കൈ നീട്ടി, വാളിന്റെ അലകിൽ, മുറുക്കിപ്പിടിച്ചു. മുന്നൂറു
കൊല്ലം പഴകിയിട്ടും മൂർച്ച പോകാത്ത ഇരുമ്പ് അവളുടെ ഉള്ളംകൈ പിളർന്നു. ചോര അലകിലൂടെ,
മഴവെള്ളത്തിൽ കലർന്ന്, കല്ലിലേക്കൊഴുകി; ആൾരൂപം കിടക്കുന്ന മണ്ണിലേക്ക്.
"എന്റെ അമ്മ എന്നെ നിനക്കു തന്നു. ജീവൻ കൊടുത്തിട്ട്. ഞാൻ
അതു തിരിച്ചെടുത്തു; ഒറ്റ രൂപയ്ക്ക്. അതൊരു കടമാണെന്നു വിചാരിച്ചു. സമ്മാനമാണെന്ന്
എനിക്കറിയില്ലായിരുന്നു. ഇപ്പൊ എന്റെ കൈയിൽ ഒന്നുമില്ല. നേർച്ചയില്ല. പണയമില്ല. അവകാശമില്ല.
അവൾ പറഞ്ഞതു ശരിയാ; നിയമപ്രകാരം നിനക്ക് എന്നോട് ഒരു കടപ്പാടുമില്ല. ഞാൻ ഒന്നും അവകാശപ്പെട്ടു
ചോദിക്കുന്നില്ല." അവൾ നെറ്റി നനഞ്ഞ കല്ലിൽ, വാളിന്റെ ചുവട്ടിൽ, മുട്ടിച്ചു.
"ഞാൻ മാത്രമേയുള്ളൂ. ഇത്തവണ ആരും കൊണ്ടുവന്നു കിടത്തുന്നതല്ല. ആരും തരുന്നതല്ല.
ഞാൻ തന്നെ വരുന്നതാ; എന്റെ കാലിൽ നടന്ന്, എന്റെ നാവുകൊണ്ടു പറഞ്ഞ്. എന്നെ എടുത്തോ,
അമ്മേ. നിനക്കു വേണമെങ്കിൽ മാത്രം. എന്നെ രക്ഷിച്ചില്ലെങ്കിലും വേണ്ട. പക്ഷേ ഈ കൈ വിട്ടുകളയല്ലേ."
ഒന്നുമില്ല.
മഴ മാത്രം. കല്ലിൽ. ഇലകളിൽ. അവളുടെ പുറത്ത്.
"കഴിഞ്ഞോ?" ചിരുതേയി അവളുടെ പിന്നിൽ വന്നുനിന്നു; സഹതാപമുള്ള
സ്വരത്തിൽ. "നന്നായി പറഞ്ഞു. നിന്റെ അമ്മയും അവസാനം ഇതുപോലെ എന്തൊക്കെയോ പറഞ്ഞു.
കേൾക്കാൻ അവിടെ ആരുമില്ല, മോളേ." തണുത്ത ഉള്ളംകൈ അവളുടെ മൂർധാവിൽ അമർന്നു.
"ഇനി ഉറങ്ങ്. നോവില്ല."
വാവാവോ… വാവുറങ്ങ്… കറുത്തവാവിൽ കണ്ണുറങ്ങ്…
വിരലുകൾ മരവിച്ചു. കൈകൾ. ആ താഴ്ച വീണ്ടും തുടങ്ങി. ഇത്തവണ തടയാൻ
ആരുമില്ല. നിളയുടെ കൺപോളകൾ, ഈയം കെട്ടിയതുപോലെ, അടയാൻ തുടങ്ങി.
അടയുന്ന കൺപോളകൾക്കിടയിലൂടെ, അവസാനത്തെ ഒരു കീറു കാഴ്ചയിൽ, അവൾ
അതു കണ്ടു. കോരിച്ചൊരിയുന്ന പേമാരിയുടെ നടുവിൽ. വെള്ളത്തിൽ മുങ്ങിക്കിടക്കുന്ന ഒരു
തിരിയിൽ. കൽവിളക്കിന്റെ ഏറ്റവും താഴത്തെ തട്ടിൽ.
ഒരു തീപ്പൊരി.
Comments
Post a Comment