കറുത്തവാവ്: അധ്യായം 2: മൂന്നു വര
ആശുപത്രിയിലെ കാഷ്വാലിറ്റിയിൽ അവളുടെ പുറത്തിന്റെ എക്സ്റേ നോക്കി എല്ലൊന്നും പൊട്ടിയിട്ടില്ലെന്ന് ഉറപ്പു വരുത്തിയ ചെറുപ്പക്കാരൻ ഡോക്ടർ, കൈത്തണ്ടയിലെ മുറിവു കഴുകുമ്പോൾ ഒന്നിലധികം തവണ നെറ്റി ചുളിച്ചു. "കേബിൾ ഉരഞ്ഞതാണെന്നല്ലേ പറഞ്ഞത്? കേബിൾ ഉരഞ്ഞാൽ തൊലി പൊള്ളിയതുപോലെ അടർന്നുപോവുകയാണു ചെയ്യുക. ഇതു മൂന്നും വൃത്തിയുള്ള കീറലാണ്. ഒരേ അകലത്തിൽ, ഒരേ ആഴത്തിൽ. എന്നോടു ചോദിച്ചാൽ ഞാൻ പറയും, ഇതു നഖമാണെന്ന്. വലിയ ഏതോ മൃഗത്തിന്റെ." പിന്നെ സ്വന്തം വാക്കു കേട്ടു നാണിച്ചതുപോലെ അയാൾ ചിരിച്ചു. "കാക്കനാട്ടു പുലിയിറങ്ങിയിട്ടില്ലല്ലോ, അല്ലേ?"
പനമ്പിള്ളി നഗറിലെ പതിനൊന്നാം നിലയിലെ അവളുടെ ഫ്ലാറ്റിലെത്തുമ്പോൾ ഒരു മണി കഴിഞ്ഞിരുന്നു. "ഇന്നു നീ ഒറ്റയ്ക്കിവിടെ കിടക്കുന്ന പ്രശ്നമില്ല," ആദി വാതിൽക്കൽവച്ചുതന്നെ തീർത്തു പറഞ്ഞു. "ഞാൻ ഹാളിലെ സോഫയിൽ കിടന്നോളാം. ഇതിൽ ചർച്ചയില്ല." സാധാരണ ദിവസമാണെങ്കിൽ, തനിക്കു കാവൽക്കാരനെ ആവശ്യമില്ലെന്ന് അവൾ തർക്കിക്കുമായിരുന്നു. ഇന്ന് അവൾ ഒന്നും മിണ്ടാതെ അവനു പുതപ്പും തലയണയും എടുത്തുകൊടുത്തു.
ഉറങ്ങാൻ രണ്ടുപേർക്കും കഴിഞ്ഞില്ല. ഊണുമേശയിൽ ലാപ്ടോപ്പു തുറന്നുവച്ച്, കട്ടൻകാപ്പിയുടെ രണ്ടു കപ്പുകൾക്കിടയിൽ, ആദി ക്രെയിൻ ക്യാമറയിലെ ദൃശ്യം ഫ്രെയിം ഫ്രെയിമായി മുന്നോട്ടു നീക്കി. നിള വീഴുന്നു. ആറാം നില. അഞ്ചാം നില. നാലാം നില കടക്കുന്ന ഒരൊറ്റ ഫ്രെയിമിൽ, ആ നിലയിൽ തൂങ്ങിക്കിടന്ന ടാർപ്പായകളെല്ലാം ഒന്നിച്ച്, ഉള്ളിൽനിന്ന് ആരോ ഊതിയതുപോലെ, പുറത്തേക്കു വീർക്കുന്നു. അടുത്ത ഫ്രെയിമിൽ അവ പഴയപടി. പിന്നെ, ഭൗതികശാസ്ത്രത്തിലെ ഒരു നിയമവും സമ്മതിച്ചുകൊടുക്കാത്ത ഒരു കോണിൽ, അവളുടെ ശരീരം പെട്ടെന്നു വശത്തേക്കു തെന്നി കെട്ടിടത്തിനുള്ളിലേക്കു മറയുന്നു. ഒരു സെക്കൻഡിനു ശേഷം ട്രസ്സ് ഫ്രെയിമിലേക്കു വീഴുന്നു.
"കേബിൾ മുകളിലെവിടെയോ ഉടക്കിയതാ," ആദി പറഞ്ഞു. ക്യാമറയ്ക്കു പിന്നിൽ പതിനഞ്ചു കൊല്ലം ചെലവഴിച്ച, കാണുന്നതിനെ മാത്രം വിശ്വസിക്കാൻ ശീലിച്ച ഒരാളുടെ ഉറപ്പോടെ. "ഉടക്കിയപ്പൊ അതു നിന്നെ പെൻഡുലം പോലെ അകത്തേക്കു വീശി. ട്രസ്സിന്റെ രണ്ടു ബോൾട്ടു തുരുമ്പിച്ചതായിരുന്നു എന്ന് റിഗ്ഗിങ് ടീം സമ്മതിച്ചിട്ടുണ്ട്. ടാർപ്പായ അനങ്ങിയത് റെയിൻ മെഷീന്റെ ഫാൻ കാരണം. ഭാഗ്യം, നിളാ. കോടിയിൽ ഒന്നു മാത്രം നടക്കുന്ന, വെറും പച്ചയായ ഭാഗ്യം."
"ഓഡിയോ ഒന്നു കേൾപ്പിക്ക്. ആ ഭാഗം മാത്രം."
അവൻ ശബ്ദം കൂട്ടി. റെയിൻ മെഷീന്റെ ഇരമ്പൽ, കാറ്റ്, ദൂരെ ആരുടെയോ വാക്കിടോക്കി. അതിനെല്ലാമടിയിൽ, ഒരു നിമിഷത്തേക്ക്, നേർത്ത ഒരു ലോഹക്കിലുക്കം.
"ഹാർനെസ്സിന്റെ ക്ലിപ്പ്," ആദി പറഞ്ഞു.
"എന്റെ ഹാർനെസ്സിന്റെ ക്ലിപ്പിന്റെ ശബ്ദം എനിക്കറിയാം, ആദീ. പന്ത്രണ്ടു കൊല്ലമായി അതു കേട്ടാണു ഞാൻ ജീവിക്കുന്നത്." അവൾ ബാൻഡേജിട്ട കൈത്തണ്ടയിലേക്കു നോക്കി. "എന്നെ ആരോ പിടിച്ചു. ഞാൻ വിരലുകൾ അറിഞ്ഞു. ചൂടും. പിന്നെ ഒരു മണം…" അവൾ നിർത്തി. കാക്കനാട്ടെ ഒരു കെട്ടിടത്തിൽ വച്ചു കാവിന്റെ മണമടിച്ചു എന്ന് ഒരു ഛായാഗ്രാഹകനോട് എങ്ങനെ പറയും?
പക്ഷേ അവൻ കാത്തിരുന്നു. അതാണ് ആദിയുടെ ഗുണം; വിശ്വസിക്കാത്ത കാര്യവും അവൻ മുഴുവൻ കേൾക്കും. അങ്ങനെ, രണ്ടു കൊല്ലത്തെ പരിചയത്തിനിടയിൽ ആദ്യമായി, നിള അവനോടു നാടിനെപ്പറ്റി പറഞ്ഞു. പുഴയോരത്തെ തറവാടിനെപ്പറ്റി. പറമ്പിന്റെ മൂലയിലെ കാവിനെപ്പറ്റി; കുട്ടിക്കാലത്ത് അതിന്റെ അതിരു കടക്കാൻ അവളെ ആരും സമ്മതിച്ചിരുന്നില്ല. താൻ ജനിച്ചു നാല്പതാം നാൾ, പേമാരിയുള്ള ഒരു രാത്രി, തന്നെ ആ കാവിൽ കൊണ്ടുപോയി കിടത്തിയിട്ടു കുളത്തിൽ ചാടി മരിച്ച അമ്മയെപ്പറ്റി. നാട്ടുകാർ ഇന്നും പറയുന്ന ആ വാചകത്തെപ്പറ്റി. കൈത്തണ്ടയിലെ ജന്മനാലുള്ള മൂന്നു വരയെപ്പറ്റി സ്കൂളിൽ കുട്ടികൾ കളിയാക്കിയിരുന്ന പേരിനെപ്പറ്റി: കാളി മാന്തിയവൾ.
"അതുകൊണ്ടാണോ നീ ഒമ്പതു കൊല്ലമായി നാട്ടിൽ പോകാത്തത്?"
"പോകാത്തതല്ല. വിളിക്കാത്തതാ. പതിനാലാം വയസ്സിൽ ഒരു ദിവസം രാവിലെ ഉണ്ണിമാമ പെട്ടി കെട്ടി എന്നെ ഊട്ടിയിലെ ബോർഡിങ്ങിൽ കൊണ്ടാക്കി. കാരണം പറഞ്ഞില്ല. അവധിക്കുപോലും വരണ്ട എന്നു പറഞ്ഞു. മുത്തശ്ശി മാത്രം കരഞ്ഞു. എന്നെ വളർത്തിയതു മുത്തശ്ശിയാ, ആദീ. ആ ഒരാളെ ഓർക്കുമ്പോൾ മാത്രമാ എനിക്ക് ആ വീടിനോടു സ്നേഹം തോന്നുന്നത്."
ആദി അവളുടെ മുറിവില്ലാത്ത കൈയെടുത്തു തന്റെ രണ്ടു കൈക്കുള്ളിലും വച്ചു. "നീ ഇന്ന് ഏഴാം നിലയിൽനിന്നു വീണു, ചാവാതെ തിരിച്ചുവന്നു. മനസ്സ് അതിനൊരു കഥ തിരയും. അതു സ്വാഭാവികമാ. നാളെ വെളിച്ചത്തിൽ ഇതെല്ലാം വേറെ മാതിരി തോന്നും. ഇപ്പൊ നീ പോയി കിടക്ക്. ചിങ്ങത്തിലെ കല്യാണത്തിനു വധുവിനെ എനിക്കു ജീവനോടെ വേണം, ഉറക്കമിളച്ച കോലത്തിലല്ല."
അവൾ ചിരിച്ചു. കിടപ്പുമുറിയിൽ ചെന്നു ബാൽക്കണിയുടെ ചില്ലുവാതിലിന്റെ കുറ്റിയിട്ടു, കർട്ടൻ പാതി വലിച്ചു, വിളക്കണച്ചു. ക്ഷീണം അവളെ ഒരു കല്ലുപോലെ ഉറക്കത്തിലേക്കു താഴ്ത്തി.
ഉണർന്നത് വിയർത്തൊലിച്ചാണ്.
എ.സി. ഓടുന്നുണ്ട്; അതിന്റെ പച്ചവെളിച്ചം ഇരുപത്തിരണ്ടു ഡിഗ്രി എന്നു കാണിക്കുന്നുണ്ട്. പക്ഷേ മുറിക്കുള്ളിൽ, മേടമാസത്തിലെ ഉച്ചയ്ക്ക് ഒരു കൊല്ലന്റെ ആലയ്ക്കരികിൽ നിൽക്കുന്നതുപോലെ, ചൂട്. അതേ മണം. കുങ്കുമം. കരിയുന്ന തിരി.
പിന്നെ അവൾ ആ ശബ്ദം കേട്ടു. മുറിക്കുള്ളിൽ, കട്ടിലിന്റെ കാൽക്കലിനും ബാൽക്കണിവാതിലിനുമിടയിൽ, എന്തോ ഒന്നു നടക്കുന്നു. അങ്ങോട്ട്. ഇങ്ങോട്ട്. അങ്ങോട്ട്. ഓരോ ചുവടിലും ഭാരമുള്ള ഒരു കാലിന്റെ അമർച്ച, അതിന്റെ കൂടെ ചിലമ്പിന്റെ പതിഞ്ഞ കിലുക്കം. ഛിൽ. ഛിൽ. ഛിൽ. കൂട്ടിലിട്ട പുലി കമ്പിക്കരികിലൂടെ നടക്കുന്നതുപോലെ, അക്ഷമയോടെ. കണ്ണു തുറന്നു നോക്കിയപ്പോൾ അവിടെ ഒന്നുമില്ല. നഗരത്തിന്റെ മഞ്ഞവെളിച്ചം വീണ ഒഴിഞ്ഞ ടൈൽസ് മാത്രം. ശബ്ദം പക്ഷേ നിന്നില്ല.
നിളയുടെ ദേഹം അനങ്ങിയില്ല. തീയിലൂടെ ഓടിയിട്ടുള്ള, ഓടുന്ന വണ്ടിയിൽനിന്നു ചാടിയിട്ടുള്ള ആ ദേഹം, ജീവിതത്തിലാദ്യമായി, അവൾ പറഞ്ഞതു കേൾക്കാൻ കൂട്ടാക്കാതെ കിടക്കയിൽ മരവിച്ചു കിടന്നു.
അപ്പോഴാണ് അവൾ ചില്ലുവാതിൽ ശ്രദ്ധിച്ചത്. അതിന്റെ പുറംഭാഗത്ത്, പതിനൊന്നാം നിലയുടെ ഉയരത്തിൽ, കർക്കടകത്തിലെ പുഴുക്കമുള്ള ഈ രാത്രിയിൽ, മഞ്ഞു പടരുന്നു. വെളുത്ത, നേർത്ത പരലുകൾ. അവ ഒരു രൂപം കൈക്കൊണ്ടു. ഒരു കൈപ്പത്തി. ചെറുത്; വയസ്സായ ഒരു സ്ത്രീയുടേതുപോലെ മെലിഞ്ഞ വിരലുകൾ. അതിനരികിൽ രണ്ടാമതൊന്ന്. പുറത്തുനിന്ന് ആരോ രണ്ടു കൈയും ചില്ലിലമർത്തി അകത്തേക്കു നോക്കുന്നതുപോലെ. കുറ്റിയുടെ ഭാഗത്തേക്ക് ആ മഞ്ഞു മെല്ലെ ഇഴഞ്ഞു.
മുറിക്കുള്ളിലെ നടത്തം നിന്നു.
അടുത്ത നിമിഷം ഉയർന്ന ശബ്ദത്തെ മുരൾച്ച എന്നു വിളിക്കാൻ പറ്റില്ല; ഫ്ലാറ്റിന്റെ ചുമരുകൾ വിറച്ചു, അലമാരയിലെ ചില്ലുകൾ കിലുങ്ങി. അകത്തുനിന്നു കുറ്റിയിട്ടിരുന്ന ചില്ലുവാതിൽ, കുറ്റി വളച്ചൊടിച്ചുകൊണ്ട്, പുറത്തേക്കു മലർക്കെ തുറന്നടിച്ചു. മുറിയിലെ ചൂടു മുഴുവൻ ഒരൊറ്റ തിരയായി ബാൽക്കണിയിലേക്കു കുതിച്ചു. ചില്ലിലെ മഞ്ഞ് ഒരു ചീറ്റലോടെ നീരാവിയായി. പിന്നെ, പുറത്തെ ഇരുട്ടിൽ, താഴേക്കു വീണുവീണ് അകന്നുപോകുന്ന, മനുഷ്യന്റേതല്ലാത്ത ഒരു നേർത്ത നിലവിളി.
അപ്പോൾ മാത്രമാണ് നിളയ്ക്കു സ്വന്തം തൊണ്ട തിരിച്ചുകിട്ടിയത്.
ആദി വാതിൽ തള്ളിത്തുറന്ന് ഓടിവന്നപ്പോൾ അവൾ ചുമരിനോടു ചേർന്ന്, കൈയിൽ കിട്ടിയ മേശവിളക്ക് ഒരു ഗദ പോലെ പിടിച്ചു നിൽക്കുകയായിരുന്നു. അവൻ വാതിൽക്കൽത്തന്നെ നിന്നുപോയി; മുഖത്തടിച്ച ചൂടുകൊണ്ട്. തുറന്നുകിടക്കുന്ന ബാൽക്കണി. പിരിഞ്ഞൊടിഞ്ഞ പിച്ചളക്കുറ്റി. ചില്ലിന്റെ പുറംഭാഗത്ത്, നീരാവി വറ്റിയിടത്ത്, രണ്ടു ചെറിയ കൈപ്പത്തിയുടെ നനഞ്ഞ പാട്. പതിനൊന്നാം നിലയിൽ. പുറത്തുനിന്ന്.
ദൂരെ എവിടെയോ, അകന്നുപോകുന്ന ഒരൊറ്റ കിലുക്കം. ഇത്തവണ ആദിയും അതു കേട്ടു. അവൻ ഒന്നും പറഞ്ഞില്ല. ഹാർനെസ്സിന്റെ ക്ലിപ്പ് എന്നുപോലും.
"അത് ഈ മുറിക്കുള്ളിലുണ്ടായിരുന്നു," നിള പറഞ്ഞു. സ്വരം അവളുടേതായി തോന്നിയില്ല. "എന്റെ കട്ടിലിന്റെ കാൽക്കൽ. നടന്നുകൊണ്ട്."
മേശപ്പുറത്ത് അവളുടെ ഫോൺ മുഴങ്ങി. പുലർച്ചെ 2:13. സ്ക്രീനിൽ ഒമ്പതു കൊല്ലമായി തെളിയാത്ത ഒരു പേര്: ഉണ്ണിമാമ.
"മോളേ…" ആ ശബ്ദം ഇടറി. പ്രായം അതിനെ വല്ലാതെ തളർത്തിയിരുന്നു. "ഈ നേരത്തു വിളിച്ചതിനു ക്ഷമിക്കണം. അമ്മ… നിന്റെ മുത്തശ്ശി… സ്ട്രോക്കു വന്നു കിടപ്പിലായിട്ടു രണ്ടു മാസമായി. നിന്നെ അറിയിക്കണ്ട എന്ന് അമ്മ തന്നെ ആംഗ്യം കാണിച്ചതുകൊണ്ടാ പറയാഞ്ഞത്. അന്നു മുതൽ ഒരക്ഷരം മിണ്ടിയിട്ടില്ല. ഇന്നു രാത്രി, ഒരു പത്തു മിനിറ്റു മുമ്പ്, പെട്ടെന്നു മിണ്ടി. ഒരൊറ്റ വാക്ക്. നിന്റെ പേര്. പിന്നെ നിർത്താതെ അതുതന്നെ. നിള. നിള. നിള. കണ്ണു മിഴിച്ച്, ജനലിലേക്കു നോക്കി, പേടിച്ചതുപോലെ."
നിള തുറന്നുകിടക്കുന്ന ബാൽക്കണിയിലേക്കു നോക്കിനിന്നു. പത്തു മിനിറ്റു മുമ്പ്.
"പിന്നെ ഒന്നുകൂടി ഉണ്ട്, മോളേ. നിന്നോടു പറയണോ എന്നു ഞാൻ കുറേ ആലോചിച്ചു. കാവിലെ കൽവിളക്കു മൂന്നു ദിവസമായി കത്തുന്നില്ല. എത്ര എണ്ണയൊഴിച്ചിട്ടും, എത്ര തിരി മാറ്റിയിട്ടും. കത്തിച്ചാൽ ആരോ വിരൽകൊണ്ടു ഞെരിച്ചതുപോലെ അണയും. എന്റെ ഓർമയിൽ ഇങ്ങനെയൊന്ന് ഉണ്ടായിട്ടില്ല. നാട്ടുകാരു പലതും പറയുന്നുണ്ട്. നീ ഒന്നു വരണം. അമ്മ കണ്ണടയ്ക്കുംമുമ്പ് ഒരു വട്ടം."
'കനലി'ന്റെ ചിത്രീകരണം തീരാൻ ഇനിയും ഒരാഴ്ചയുണ്ട്; ഛായാഗ്രാഹകന് ഇടയ്ക്കുവച്ച് ഇറങ്ങിപ്പോകാൻ പറ്റില്ല. "ബാക്കിയുള്ള ആക്ഷൻ ഭാഗം ജോമോൻ നോക്കിക്കോളും. ഞാൻ നിർമാതാവിനോടു സംസാരിക്കാം," ആദി പറഞ്ഞു. "നീ പോ. പക്ഷേ ഓരോ രാത്രിയും എന്നെ വിളിക്കണം. എന്തു കണ്ടാലും, എന്തു കേട്ടാലും."
നേരം വെളുക്കുമ്പോഴേക്കും അവളുടെ ജീപ്പ് ദേശീയപാതയിലൂടെ വടക്കോട്ടു പായുകയായിരുന്നു. പിന്നിലെ സീറ്റിൽ ആരുമില്ല. എന്നിട്ടും യാത്രയിലുടനീളം, കണ്ണാടിയിൽ നോക്കാൻ അവൾക്കു ധൈര്യം വന്നില്ല. പിൻകഴുത്തിൽ, വിട്ടുമാറാതെ, ഒരു നേർത്ത ചൂട് അവൾ അറിയുന്നുണ്ടായിരുന്നു.
Comments
Post a Comment