കറുത്തവാവ്: അധ്യായം 7: പ്രശ്നം
ലതയുടെ ദേഹം കൊണ്ടുപോയതിന്റെ പിറ്റേന്ന് ഉച്ചതിരിഞ്ഞാണ് കൃഷ്ണൻകുട്ടി പണിക്കർ വന്നത്. ഒരു ഇലക്ട്രിക് സ്കൂട്ടറിൽ, ഹെൽമെറ്റു വച്ച്; ഒരു തോളിൽ കവടിസഞ്ചി, മറ്റേ കൈയിൽ ഒരു ഐപാഡ്. അമ്പത്തഞ്ചു വയസ്സ്, കഷണ്ടി കയറിയ നെറ്റി, കട്ടിക്കണ്ണട, എപ്പോഴും ചിരിക്കാനൊരുങ്ങി നിൽക്കുന്ന മുഖം. തിരുനിലക്കരയിലും ചുറ്റുമുള്ള പത്തു ദേശത്തും കല്യാണത്തിനു പൊരുത്തം നോക്കുന്നതും വീടിനു കുറ്റിയടിക്കാൻ മുഹൂർത്തം കുറിക്കുന്നതും അഞ്ചു തലമുറയായി ഈ കുടുംബമാണ്.
"ഗ്രഹനില ഇപ്പൊ ആപ്പിലാ നോക്കുന്നത്," ഐപാഡിലേക്കുള്ള
നിളയുടെ നോട്ടം കണ്ട് അയാൾ ചിരിച്ചു. "പഞ്ചാംഗം ഗണിക്കാൻ എന്റെ അച്ഛൻ അര ദിവസമെടുക്കുമായിരുന്നു;
ഇതു മൂന്നു സെക്കൻഡിൽ തരും, തെറ്റില്ലാതെ. ഫീസ് ഗൂഗിൾ പേയിലും വാങ്ങും. പക്ഷേ കവടി
മാത്രം ആപ്പിലാക്കാൻ പറ്റില്ല, മോളേ. അതിനു കൈ വേണം. കൈയിനു പിന്നിൽ ഒരു മനസ്സും."
സുധ അമ്മായിയാണ് അയാളെ വിളിപ്പിച്ചത്; രണ്ടു മരണം കണ്ട, ഒരു രാത്രിയും
ഉറങ്ങാൻ പറ്റാത്ത ഒരു വീടിന് ഇനി ഇതല്ലാതെ വഴിയില്ലെന്ന് ഉണ്ണിമാമയും സമ്മതിച്ചു. നടുത്തളത്തിൽ
നിലവിളക്കു കത്തിച്ചു. കിഴക്കോട്ടു തിരിച്ചിട്ട പലകയിൽ ഭസ്മംകൊണ്ടു പന്ത്രണ്ടു കള്ളിയുള്ള
രാശിചക്രം വരച്ചു. പണിക്കർ കണ്ണടച്ചു ഗണപതിയെയും ഗുരുവിനെയും വന്ദിക്കുമ്പോൾ ആ മുഖത്തെ
തമാശ മുഴുവൻ മാഞ്ഞു, മറ്റൊരാളായി. ചുറ്റും ഉണ്ണിമാമ, അമ്മായി, അപ്പു, നിള. തെക്കിനിയുടെ
വാതിൽ തുറന്നിട്ടിരുന്നു; മുത്തശ്ശിക്കു കിടന്നുകൊണ്ടു കേൾക്കാൻ.
നിള വിശ്വാസിയല്ല. ബോർഡിങ് സ്കൂളിലെ കന്യാസ്ത്രീകളുടെ പ്രാർഥനകൾക്കിടയിൽ
കണ്ണു തുറന്നിരുന്ന കുട്ടിയാണവൾ; ഓരോ സ്റ്റണ്ടിനു മുമ്പും ക്യാമറയ്ക്കു തേങ്ങയുടയ്ക്കുന്ന
യൂണിറ്റുകാരെ നോക്കി ഉള്ളിൽ ചിരിച്ചിട്ടുള്ളവൾ. കയറിന്റെ ബലത്തിലും സ്വന്തം പേശിയിലും
മാത്രമാണ് അവൾ വിശ്വസിച്ചിട്ടുള്ളത്. പക്ഷേ അവൾ സ്വന്തം ഇന്ദ്രിയങ്ങളെ വിശ്വസിക്കുന്നവളുമാണ്.
അവ നാലു രാത്രികൊണ്ട് അവളോടു പറഞ്ഞുകഴിഞ്ഞ കാര്യങ്ങൾ ഒരു റെയിൻ മെഷീന്റെ ഫാനും ഒരു
ഹാർനെസ്സ് ക്ലിപ്പും കൊണ്ടു വിശദീകരിക്കാൻ പറ്റുന്നവയല്ല.
"പ്രശ്നം വയ്ക്കുമ്പോൾ ചോദ്യം ചോദിക്കേണ്ടതു വീട്ടുകാരാ,"
പണിക്കർ പറഞ്ഞു. "ചോദ്യം എങ്ങനെയോ, ഉത്തരം അങ്ങനെ. ആരാ ചോദിക്കുന്നത്?"
ഉണ്ണിമാമ വാ തുറന്നു, എന്തു ചോദിക്കണമെന്നറിയാതെ തപ്പിത്തടഞ്ഞു.
സുധ അമ്മായി ഒരടി മുന്നോട്ടു വന്നു. പതിഞ്ഞ, തെളിഞ്ഞ സ്വരം.
"ഈ കുട്ടിയെ പിന്തുടരുന്നത് ആരാണ്? എന്തിനാണ്?"
പണിക്കർ കവടി വാരി, കൈക്കുള്ളിലിട്ടു മൂന്നു തവണ ഉരുട്ടി, പലകയിൽ
നിരത്തി. മൂന്നായി പകുത്തു. എണ്ണി. നെറ്റി ചുളിഞ്ഞു. ഐപാഡിലെ ഗ്രഹനിലയിലേക്കു നോക്കി,
വീണ്ടും കവടിയിലേക്ക്. മുഴുവൻ വാരി വീണ്ടും നിരത്തി. മുറിയിൽ വിളക്കിലെ തിരി പൊട്ടുന്ന
ശബ്ദവും പുറത്തെ മഴയുടെ ഇരമ്പലും മാത്രം.
"ദേവീസാന്നിധ്യമാണ്," ഒടുവിൽ അയാൾ പറഞ്ഞു. സ്വരം താണിരുന്നു.
"അതിൽ സംശയമില്ല; ലഗ്നത്തിൽത്തന്നെ നിൽക്കുന്നു. പക്ഷേ ശാന്തഭാവത്തിലല്ല. ഉഗ്രഭാവത്തിൽ.
ഞാൻ മുപ്പതു കൊല്ലമായി കവടി നിരത്തുന്നു; ഇങ്ങനെയൊരു നില ഇതിനു മുമ്പു രണ്ടു തവണയേ
കണ്ടിട്ടുള്ളൂ. ഇതു പീഠത്തിൽ അടങ്ങിയിരിക്കുന്ന ദേവിയല്ല. ഇറങ്ങി നടക്കുന്ന ദേവി. കാവു
വിട്ടിറങ്ങിയിരിക്കുന്നു; അതാണു വിളക്കു കത്താത്തത്. ഇരിക്കേണ്ടവൾ ഇരിപ്പിടത്തിലില്ല."
അയാൾ കവടികളിൽ ഒന്നു വിരൽകൊണ്ടു തൊട്ടു. "കാരണവും ഇവിടെ കാണുന്നുണ്ട്. ഒരു നേർച്ച.
പാതിവഴിയിൽ മുറിഞ്ഞത്. ഒരു കുഞ്ഞുമായി ബന്ധപ്പെട്ടത്." അയാൾ തലയുയർത്തി ഉണ്ണിമാമയെ
നോക്കി. "ഈ തറവാട്ടിൽ ആരെങ്കിലും ഒരു കുഞ്ഞിനെ ദേവിയുടെ നടയ്ക്കൽ വച്ചിട്ടുണ്ടോ?
അടിമ കിടത്തിയിട്ടുണ്ടോ?"
ഉണ്ണിമാമയുടെ മുഖത്തെ ചോര മുഴുവൻ വാർന്നുപോയി. "ഗൗരി… എന്റെ
പെങ്ങൾ… മരിക്കുന്ന രാത്രി…" അയാൾ ചുമരിൽ ചാരി. "അവസാനത്തെ ഒരാഴ്ച അവൾ ആരോടും
മിണ്ടിയിരുന്നില്ല. പകൽ മുഴുവൻ അറയ്ക്കുള്ളിലെ നിലവറയിൽ പോയി ഒറ്റയ്ക്കിരിക്കും; പഴയ
ഓലക്കെട്ടുകൾ മറിച്ചുനോക്കി. ചോദിച്ചാൽ എന്നെ നോക്കി കരയും. ഞങ്ങൾ വിചാരിച്ചു, പ്രസവം
കഴിഞ്ഞതിന്റെ… പിന്നെ ആ രാത്രി കുഞ്ഞിനെയുമെടുത്ത് കാവിലേക്ക്…"
"അടിമ കിടത്തലിന് ഒരു ക്രമമുണ്ട്," പണിക്കർ നിളയുടെ നേരെ
തിരിഞ്ഞു. പഴയ കാര്യങ്ങൾ പുതിയ തലമുറയ്ക്കു പറഞ്ഞുകൊടുക്കുന്ന ഒരധ്യാപകന്റെ ക്ഷമയോടെ.
"പണ്ടൊക്കെ വസൂരിയോ വിഷജ്വരമോ വന്ന്, വൈദ്യൻ കൈവിട്ട കുഞ്ഞിനെ അമ്മമാർ ഭഗവതിയുടെ
നടയിൽ കൊണ്ടുപോയി കിടത്തും. ഇത് ഇനി എന്റേതല്ല, നിന്റേതാണ്; നീ നോക്കിക്കോ എന്നു
പറയും. കുഞ്ഞിനു പകരമായി ഒരു ആൾരൂപവും വയ്ക്കും; വെള്ളിയിലോ പിച്ചളയിലോ. ദേവിയുടെ മുതലിനെ
രോഗം തൊടില്ല എന്നാണു വിശ്വാസം. പിന്നെ, അതേ ഇരിപ്പിൽത്തന്നെ, ഒരു നാണയം നടയ്ക്കൽ വച്ച്
കുഞ്ഞിനെ തിരിച്ചു വാങ്ങും. അടിമപ്പണം എന്നു പറയും. കടയിൽനിന്നു സാധനം വാങ്ങുന്നതുപോലെ.
അതോടെ നേർച്ച പൂർത്തിയായി; കുഞ്ഞു പിന്നെയും വീട്ടുകാരുടേതായി, ദേവിയുടെ അനുഗ്രഹത്തോടെ."
അയാൾ ഒന്നു നിർത്തി. "നിന്റെ അമ്മ കിടത്തി. പക്ഷേ തിരിച്ചെടുത്തില്ല. എടുക്കാൻ
അവൾ ബാക്കിയുണ്ടായില്ല."
"അതിനർഥം?" നിളയുടെ സ്വരം അവൾ വിചാരിച്ചതിനെക്കാൾ നേർത്തിരുന്നു.
"മുപ്പത്തൊന്നു കൊല്ലമായി നീ ദേവിയുടെ മുതലാണ്, മോളേ. കണക്കിൽ
നീ ഈ തറവാട്ടിലെ കുട്ടിയല്ല; ആ കാവിലെ സ്വത്താണ്. വാങ്ങിയവൾ വില വാങ്ങിയിട്ടില്ല, മുതൽ
വിട്ടുകൊടുത്തിട്ടുമില്ല. ഉടമസ്ഥ ഇപ്പോൾ മുതലിന്റെ പിന്നാലെ നടക്കുന്നു. അത്രയേ ഈ കവടി
പറയുന്നുള്ളൂ."
തെക്കിനിയിൽനിന്ന്, ഇരുട്ടിൽനിന്ന്, മുത്തശ്ശിയുടെ ഇടറിയ തേങ്ങൽ
നടുത്തളത്തിലേക്ക് ഇഴഞ്ഞുവന്നു. കടം… ഞാൻ പറഞ്ഞില്ലേ… കടം വീട്ടണം…
ബാൻഡേജിനടിയിൽ നിളയുടെ കൈത്തണ്ടയിലെ മുറിവു വിങ്ങി. ജനിച്ചപ്പോഴേ
ഉണ്ടായിരുന്ന മൂന്നു വര. ഏഴാം നിലയിൽനിന്നുള്ള വീഴ്ചയിൽ അതിനു മേൽ പുതുക്കിയിട്ട മൂന്നു
വര. കന്നുകാലികളുടെ ചന്തിയിൽ ഉടമസ്ഥൻ ചുട്ടുപഴുപ്പിച്ച ഇരുമ്പുകൊണ്ടു വയ്ക്കുന്ന മുദ്രയെപ്പറ്റി
അവൾ ഓർത്തു. "പരിഹാരം?"
"പാതിയിൽ നിന്ന നേർച്ച പൂർത്തിയാക്കുക. അത്രേയുള്ളൂ; വലിയ
ഹോമമോ ബലിയോ ഒന്നും വേണ്ട. കറുത്തവാവിന്റെ സന്ധ്യയ്ക്ക്, വാവു തുടങ്ങുംമുമ്പ്, നീ തന്നെ
കാവിൽ ചെല്ലണം. ഒരു ചുവന്ന പട്ടും ഒറ്റ നാണയവും നടയ്ക്കൽ വയ്ക്കണം. നിന്റെ അമ്മ അന്നു
വച്ച ആൾരൂപം വാളിന്റെ ചുവട്ടിലെ മണ്ണിലുണ്ടാവും; അതു നിന്റെ സ്വന്തം കൈകൊണ്ടു തിരിച്ചെടുക്കണം.
എന്നിട്ടു മൂന്നു തവണ പറയണം: എന്റെ അടിമ ഞാൻ തിരിച്ചെടുക്കുന്നു. അതോടെ കണക്കു
തീർന്നു. ദേവിക്കു പിന്നെ നിന്റെ മേൽ ഒരവകാശവുമില്ല. അവൾ കാവിലേക്കു മടങ്ങും; വിളക്കു
കത്തും."
"ഞാൻ ചെയ്തില്ലെങ്കിൽ?"
പണിക്കർ ഏറെ നേരം കവടിയിലേക്കു നോക്കിയിരുന്നു. "അഷ്ടമത്തിൽ
ഒരു മരണം കാണുന്നുണ്ട്. ഈ വാവിന്. ആരുടേതാണെന്ന് എനിക്കു വ്യക്തമാവുന്നില്ല; എന്തോ
ഒന്ന് എന്റെ കാഴ്ച മറയ്ക്കുന്നതുപോലെ. പക്ഷേ ഇത്രയും പറയാം. ഈ തറവാട്ടിലെ ഒരു സ്ത്രീ
ഈ വാവു കടക്കില്ല."
ദക്ഷിണ വാങ്ങി, കവടി സഞ്ചിയിലേക്കു വാരിയിടുമ്പോൾ, ഒരെണ്ണം അയാളുടെ
വിരലുകൾക്കിടയിലൂടെ വഴുതി നിലത്തു വീണു. അത് ഉരുണ്ടു. സാധാരണ ഒരു കവടി ഉരുളുന്നതിനെക്കാൾ
ഏറെ ദൂരം; മിനുസമുള്ള തറയിലൂടെ, ആരോ ഊതിവിടുന്നതുപോലെ, നടുത്തളം മുഴുവൻ കടന്ന്, വിളക്കിന്റെ
വെളിച്ചമെത്താത്ത അങ്ങേയറ്റത്തെ ഒരു വാതിൽപ്പടിയിൽ ചെന്നു മുട്ടി, അവിടെ കമിഴ്ന്നു
നിന്നു. പണിക്കർ അതിലേക്ക് ഒരു നിമിഷം നോക്കിനിന്നു. പുരികങ്ങൾ കൂടി. എന്തോ ചോദിക്കാനെന്നപോലെ
അയാൾ വാ തുറന്നു.
"ചായ എടുക്കട്ടെ, പണിക്കരേ?" സുധ അമ്മായി അപ്പോഴേക്കും
കുനിഞ്ഞ് ആ കവടിയെടുത്ത് അയാളുടെ ഉള്ളംകൈയിൽ വച്ചുകൊടുത്തുകഴിഞ്ഞിരുന്നു. "മഴയത്തു
വന്നതല്ലേ."
പണിക്കർ ചായ കുടിച്ചു. പക്ഷേ സ്കൂട്ടറിൽ കയറി പടിപ്പുര കടക്കുമ്പോഴും
അയാളുടെ നെറ്റിയിലെ ചുളിവു മാഞ്ഞിരുന്നില്ലെന്നു നിള കണ്ടു.
വൈകിട്ട്, റേഞ്ചു കിട്ടുന്ന ഒരേയൊരിടമായ പടിപ്പുരയുടെ തിണ്ണയിലിരുന്ന്,
അവൾ ആദിയെ വിളിച്ചു. ഡ്രോണിലെ ചൂടിനെപ്പറ്റി, ലതയെപ്പറ്റി, കുളക്കരയിൽ തന്റെ താടിയിൽ
പിടിച്ച കൈയെപ്പറ്റി, പണിക്കരുടെ വിധിയെപ്പറ്റി, ഒന്നും വിടാതെ പറഞ്ഞു.
"നിളാ, ഒരു കാര്യം ചോദിച്ചോട്ടെ? നീ ഇതു വിശ്വസിക്കുന്നുണ്ടോ?"
അവന്റെ സ്വരത്തിൽ പരിഹാസത്തിന്റെ ഒരു തരിപോലുമുണ്ടായിരുന്നില്ല; വേവലാതി മാത്രം.
"ഞാൻ ഒരു കഥ പറയാം; നീ കേൾക്ക്. ഒരു റിസോർട്ടുകാരന് ഒരു പുഴയോരഭൂമി വേണം. നടുവിൽ
ഒരു കാവുള്ളതുകൊണ്ടു നാട്ടുകാർ സമ്മതിക്കില്ല. കടത്തിൽ മുങ്ങിയ അമ്മാവൻ അഡ്വാൻസു വാങ്ങിക്കഴിഞ്ഞു.
തടസ്സം ഒരൊപ്പാണ്; നിന്റേത്. അപ്പോൾ പെട്ടെന്ന് ഒരു ജ്യോത്സ്യൻ വന്ന്, ആ കാവുമായുള്ള
നിന്റെ ബന്ധം നീ തന്നെ മുറിക്കണമെന്നു പറയുന്നു. ഇതിലൊരു തിരക്കഥ നീ കാണുന്നില്ലേ?
നമ്മുടെ ഇൻഡസ്ട്രിയിൽ ഇതിലും മോശം സ്ക്രിപ്റ്റിനു പണം മുടക്കുന്നവരുണ്ട്."
"കാണുന്നുണ്ട്. ഞാനും അതുതന്നെ ആലോചിച്ചു. പക്ഷേ ആദീ, ഒരു
റിസോർട്ടുകാരനു തെർമൽ ക്യാമറയിൽ പതിയുന്ന, ദേഹമില്ലാത്ത ഒരു ചൂടുണ്ടാക്കാൻ പറ്റുമോ?
പതിനൊന്നാം നിലയിലെ എന്റെ വാതിലിന്റെ കുറ്റി വളച്ചൊടിക്കാൻ? പിന്നെ ലതയുടെ മുഖം. നീ
അതു കണ്ടില്ല. ഞാൻ കണ്ടു."
നീണ്ട മൗനം. പിന്നിൽ സെറ്റിലെ ബഹളം, ആരോ 'സൈലൻസ്' വിളിക്കുന്നത്.
"ശരി. ഞാൻ ഷെഡ്യൂൾ ബ്രേക്കു ചെയ്യുന്നു; നിർമാതാവു ചീത്തവിളിക്കട്ടെ. ബാക്കി ഭാഗം
അസോസിയേറ്റിനെ ഏല്പിച്ച്, വാവിന്റെ അന്ന് ഉച്ചയ്ക്കു മുമ്പ് ഞാൻ അവിടെ ഉണ്ടാവും. നീ
എന്തു തീരുമാനിച്ചാലും ഞാൻ കൂടെ നിൽക്കും. അതുവരെ, പ്ലീസ്, ഒറ്റയ്ക്ക് ഒരിടത്തും പോവരുത്."
"ഞാനോ?" അവൾ ചിരിക്കാൻ ശ്രമിച്ചു. ഇരുട്ടു വീണുതുടങ്ങിയ
പറമ്പിൽനിന്ന്, പിൻകഴുത്തിലേക്ക്, ആ പരിചിതമായ ചൂട് അപ്പോഴേക്കും ഇഴഞ്ഞുവന്നുകഴിഞ്ഞിരുന്നു.
"എനിക്കിപ്പൊ ഒറ്റയ്ക്കാവാൻ പറ്റുന്നില്ലല്ലോ, ആദീ. ഇരുപത്തിനാലു മണിക്കൂറും കൂടെ
ഒരാളുണ്ട്."
Comments
Post a Comment